Home News ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം;പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം;പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

79
0

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന് എതിരേയുള്ള വിളക്ക് അണക്കല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടര്‍ന്ന് ദീപുവിനെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്നലെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കന്പലത്തെ ട്വന്റി ട്വന്റി നഗറില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്‌കാരം.

 

 

Previous articleപഞ്ചാബ് നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദപ്രചാരണം, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് വിലക്ക്
Next articleരാജ്യത്ത് ഇന്ന് കാല്‍ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍, ടിപിആര്‍ 1.8%