സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്. മുല്ലപ്പെരിയാറില്‍ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ല, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഇടുക്കിയില്‍ ഉണ്ടായിരുന്നു എന്‍ ഡി ആര് എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ ഇന്നലെ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ ശരാശരി ഒന്പതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങല്‍ക്കുത്തില്‍ നിന്നുള്ള ഇന്‍ഫ്ലോ 35,000 ക്യുസെക്സ് ആയി തുടരുന്നു. ‘ചാലക്കുടി പുഴയുടെ തീരത്ത് ജനങ്ങള്‍ സ്വീകരിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്. അലര്‍ട്ട് എന്ത് തന്നെയായാലും ജാഗ്രത തുടരണം. ക്യാമ്പുകളിലേക്ക് മാറിയവര്‍ ഇന്നും അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.