Home News കൂളിമാട് പാല൦ തകർന്ന് വീണ സംഭവം: ഊരാളുങ്കലിന്‍റെ വാദം അതേപടി വിഴുങ്ങാനാവില്ലെന്ന് മന്ത്രി റിയാസ്

കൂളിമാട് പാല൦ തകർന്ന് വീണ സംഭവം: ഊരാളുങ്കലിന്‍റെ വാദം അതേപടി വിഴുങ്ങാനാവില്ലെന്ന് മന്ത്രി റിയാസ്

233
0

കോഴിക്കോട്ടെ കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയിൽ ഊരാളുങ്കലിന്‍റെ വാദം അതേപടി അംഗീകരിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതേസമയം പാലത്തിന്‍റെ തകര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുള്‍പ്പടെ പരിശോധിക്കുമെന്നും ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന് ഒരു മാസം പൂര്‍ത്തിയാകാനിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അന്വേഷണ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉടനടി മടക്കി. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ എം അന്‍സാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ട് പിഴവുകളെക്കുറിച്ചാണ് പറയുന്നത്. ബീമുകള്‍ ഉറപ്പിപ്പിക്കുമ്പോള്‍ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ഒരു പ്രശ്നം. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നടതടക്കം മാനുഷിക പിഴുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതില്‍ എന്താണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല, മാനുഷിക പിഴവാണെങ്കില്‍ വിധഗ്ധ തൊഴിലാളികള്‍ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമെന്ന് വിശദമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

മെയ് 16 നായിരുന്നു കൂളിമാട് പാലത്തിന്‍റെ മൂന്ന് ബിമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ എനന്‍ജീനിയേഴ്സ് അസോസിയേഷന്‍റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിപക്ഷവും ബിജെപിയും ഇത് സർക്കാരിനെതിരെയുള്ള ആയുധമാക്കിയിരുന്നു.

Previous articleമുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കോട്ടയത്തെ പൊതുപരിപാടിയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം
Next articleഐപിഎൽ; സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി