ലോകത്ത് കുരങ്ങ് പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി ലോകാരോഗ്യ സംഘടന. 3,400ല്‍ പരം കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 17 മുതല്‍ 1,310 പുതിയ കേസുകള്‍ രേഖപ്പെടുത്തി.
ഇന്ത്യയില്‍ രോഗത്തിനെതിരെ കടുത്ത ജാഗ്രത എടുത്തിട്ടുണ്ട്. രോഗം സംശയിക്കുന്നവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്ക് അയക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രോഗ ലക്ഷണമുള്ളവരുമായി സമ്പര്‍ക്കമുള്ളവരെ തുടര്‍ച്ചയായി 21ദിവസം വരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുരങ്ങ് പനി അഥവാ മങ്കി പോക്‌സ്, സ്മാള്‍ പോക്‌സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്‌സ് അണുബാധ കേസുകള്‍ ആദ്യമായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ വന്യമൃഗങ്ങളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നത്. രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങള്‍.