ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച് നാവികസേനക്ക് കൈമാറിയ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. സംവിധായകന് മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ കൊച്ചില്‍ ഷിപ്പ് യാര്‍ഡില്‍ എത്തിയത്. നാവികസേന ഉദ്യോഗസ്ഥര്‍ക്കും കപ്പല്‍ശാലയിലെ തൊഴിലാളികള്‍ക്കുമൊപ്പം താരം സമയം ചെലവഴിച്ചു. സന്ദര്‍ശനത്തിന് ശേഷം ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മോഹന്‍ലാല്‍ അഭിമാന നിമിഷമെന്ന് കുറിച്ചു.
രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും.
262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐ.എന്‍.എസ്. വിക്രാന്തിന് സാധിക്കും. 2007ലാണ് കൊച്ചി കപ്പല്‍ശാലയുമായി പ്രതിരോധ വകുപ്പ് ഇതിനായി കരാറില്‍ ഏര്‍പ്പെടുന്നത്. മൂന്ന് ഘട്ട കരാറിലൂടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2009ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.