തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ തോതില്‍ തുറക്കുന്ന കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉത്കണ്ഠ ആവശ്യമില്ല. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി എന്ന് മന്ത്രി അറിയിച്ചു. യൂണിഫോമില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതല. അധ്യാപക സംഘടനകളുടെ യോഗത്തില്‍ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു: കുട്ടികള്‍ക്ക് സ്കൂളിലേക്ക് എത്താന്‍ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം എസ് എം വി സ്കൂളില്സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂര്‍ത്തമാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും ആണ് മറ്റന്നാള്‍ മുതല്‍ സ്കൂളുകളില്‍ എത്തുക.
തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പൂര്‍ണതോതിലേക്ക് മാറുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമായി തുടരില്ല. പക്ഷെ ആവശ്യമുള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കണം. ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിക്ടേഴ്സ് വഴി ക്ലാസുകളുണ്ടാകും. അതേസമയം ഫോക്കസ് ഏരിയയില്‍ പുറകോട്ട് പോകാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികാര നടപടിയുണ്ടാവില്ല.
പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ് ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഈ മാസം 28 ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് കര്‍ശന നിര്‍ദേശം. പത്ത്, പ്ലസ് ടു അധ്യാപകര്‍ പാഠഭാഗങ്ങള്‍ തീര്‍ത്തതിന്റെ റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ച്ചയും നല്‍കണം. 1 മുതല്‍ 9 ക്ലാസുകള്‍ക്കും വാര്‍ഷിക പരീക്ഷയുണ്ടാകും.