നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് മരിച്ച സംഭവം ഏറെ ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറില്ല. റോഡായാല്‍ തകരുമെന്ന ന്യായം ഒരിക്കലും പറയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്കും മന്ത്രി മറുപടി പറഞ്ഞു. മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.
പ്രതിപക്ഷ നേതാവ് വാസ്തവവിരുദ്ധമായ പ്രസ്താവനകള്‍ ഉയര്‍ത്തുകയാണ്. പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇത്തവണ 322 കോടി 16 ലക്ഷം രൂപയാണ് പ്രീ മണ്‍സൂണ്‍ പ്രവൃത്തിക്കായി പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചത്. പ്രീ മണ്‍സൂണിനു പുറമേ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുകയാണ് എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.