Home News അഴിമതിക്കേസ്; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയും സഹായി അർപ്പിതയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ

അഴിമതിക്കേസ്; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയും സഹായി അർപ്പിതയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ

108
0

അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനും വാണിജ്യ വ്യവസായ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെയും സഹായി അർപ്പിത മുഖർജിയെയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. പാര്‍ത്ഥ ചാറ്റര്‍ജിയെ സ്‌കൂൾ സർവ്വീസ് കമ്മീഷൻ (എസ്എസ് സി) അഴിമതിക്കേസിലും കളളപ്പണം വെളുപ്പിക്കൽ കേസിലുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നെഞ്ചുവേദനയും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടെന്ന് പാർത്ഥ ചാറ്റർജി പറഞ്ഞെങ്കിലും ഭുവനേശ്വർ എയിംസിൽ നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.

ആഗസ്റ്റ് മൂന്ന് വരെയാണ് ഇരുവരുടെയും കസ്റ്റഡി നീട്ടിയിരിക്കുന്നത്. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇത് അനുവദിച്ചില്ല. ബാങ്ക്ഷാലിലെ പ്രത്യേക ഇഡി കോടതി ജഡ്ജി ജിബോൺ കുമാർ സാധുവിന്റേതാണ് നടപടി. ശനിയാഴ്ച പാർത്ഥ ചാറ്റർജിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടെങ്കിലും നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുളള എസ്എസ്‌കെഎം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ഇവിടെ ചികിത്സിക്കുന്നത് കേസിൽ വഴിവിട്ട ഇടപെടൽ ഉണ്ടാകാൻ ഇടയാക്കുമെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വെർച്വൽ രീതിയിലാണ് പാർത്ഥ ചാറ്റർജിയെ കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. പാർത്ഥ ചാറ്റർജിയുടെ രക്തസമ്മർദ്ദവും ഓക്‌സിജൻ നിലയുമൊക്കെ സാധാരണ നിലയിലാണെന്നും പ്രത്യേക ആരോഗ്യശ്രദ്ധ വേണ്ടെന്നുമായിരുന്നു ഭുവനേശ്വർ എയിംസിലെ മെഡിക്കൽ റിപ്പോർട്ട്.

പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ കൊൽക്കത്തയിലെ വസതിയിൽ നടത്തിയ പരിശോധനയിൽ 20 കോടി രൂപയും ഒരു കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തു. തുടർന്നായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ടെടുത്ത തുക പ്രസ്തുത അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്ന് ഇഡി സംശയിക്കുന്നു.

Previous articleപാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു
Next articleവടകര പൊലീസ് സ്റ്റേഷനിൽ യുവാവ് മരിച്ച സംഭവം; 56 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി