കെഎസ്ഇബി ചെയര്മാന് ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തില്‍ ചെയര്‍മാനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
മൂന്നാറിലെ ഭൂമി കൈമാറിയത് ബോര്‍ഡ് അറിയാതെയാണ്. അക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാറിനെതിരെ അശോക് ഒന്നും പറഞ്ഞിട്ടില്ല. അശോക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. എം.എം മണിയെ ആരും കുറ്റം പറഞ്ഞിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളം കൂട്ടിയത്. ഊര്‍ജവകുപ്പ് സെക്രട്ടറിയോട് ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ബി.അശോകിന്റെ പ്രധാന ആക്ഷേപം. ‘കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല’ എന്ന തലക്കെട്ടില്‍ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമര്‍ശം.
വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും എം.എം.മണി പറഞ്ഞു. നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണന് കുട്ടി ചെയര്‍മാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് ചെയര്മാന് അശോകന് അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിച്ചു.