എകെജി സെന്ററിന് നേരെയുണ്ടായത് കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംഭവം അപലപനീയമാണെന്നും പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. രാജ്യത്തെ ഏത് പാർട്ടി ഓഫീസിന് നേരെയുമുള്ള അക്രമ൦ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വ്യക്തമായ ആസൂത്രണത്തോടെയുള്ള ആക്രമണമാണ് എകെജി സെന്ററിൽ നടന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഇപ്പോഴുള്ള സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകരാണോ ഇതിന് പിന്നിലെന്ന് ന്യായമായും സംശയമുണ്ട്. എന്നാൽ അന്വേഷണം നടത്താതെ അത് എങ്ങനെ പറയാനാകും. പൊലീസ് അന്വേഷിച്ച് കാര്യങ്ങൾ കൃത്യമായി പുറത്ത് കൊണ്ടുവരട്ടേ. ജനാധിപത്യത്തിൽ എല്ലാവർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശമുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.