കോട്ടയത്ത് വെല്‍ഡിങ് കടയുടമ മാങ്ങ പറിക്കുന്നതിനിടയില്‍ ഷോക്കടിച്ച് മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമന്‍ നായര്‍ (62) ആണ് മരിച്ചത്. മാങ്ങ പറിക്കുന്നതിനിടയില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
വര്‍ക്ക്‌ഷോപ്പിന്റെ അടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഇതിനടുത്തുള്ള പുളി മരത്തില്‍ കയറി നിന്നാണ് പുരുഷോത്തമന്‍ മാങ്ങ പറിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടയില്‍ ഇരുമ്പ് തോട്ടി സമീപത്തുകൂടെ പോകുന്ന 11 കെവി ലൈനില്‍ തട്ടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇയാള്‍ മരിച്ചു.
സംസ്ഥാനത്ത് ഇതിനു മുന്‍പും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നലെ ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും മരിച്ചിരുന്നു. 11 കേ.വി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു ഈ മരണങ്ങളും. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപത്തായിരുന്നു അപകടം. പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്.