തൃശ്ശൂരിൽ തെരുവിൽ നിന്നും എടുത്തു വളർത്തിയ നായ്‌ക്കുട്ടിയുടെ കടിയേറ്റയാൾ പേവിഷബാധ മൂലം മരിച്ചു. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണിക്കൃഷ്ണൻ(60) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം. തെരുവിൽ നിന്നും വീട്ടിലെത്തിയ നാല് മാസത്തോളം പ്രായമുള്ള നായ്‌ക്കുട്ടിയെ ഇവർ വളർത്തിയിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഉണ്ണിക്കൃഷ്ണന് നായയുടെ കടിയേൽക്കുന്നത്. നായ്‌ക്കുട്ടിയുടെ കടിയേറ്റെങ്കിലും സാരമായി എടുത്തില്ല. അതിനാൽ തന്നെ ഉണ്ണിക്കൃഷ്ണൻ കുത്തിവയ്പ് എടുത്തില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കടിച്ച നായ്‌ക്കുട്ടി ഏതാനും നാൾ മുൻപ് ചത്തു. കഴിഞ്ഞ ദിവസം മുതൽ ഉണ്ണിക്കൃഷ്ണൻ പനിയുടെ ലക്ഷണങ്ങൾ കാണിച്ചു. വെള്ളം കുടിച്ചപ്പോൾ അസ്വസ്ഥത തോന്നിയതോടെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടർന്ന് ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.