ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ ന്യൂഡൽഹിയിലെ വീട്ടിൽ ബലമായി കയറാൻ ശ്രമിച്ചതിന് ഒരാളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിൽ നിന്നുള്ള ആളാണ് പിടിയിലായത്.
കാറിൽ ആണ് ഇയാൾ ഡോവലിന്റെ വസതിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. തുടർന്ന് വീടിന് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനസിക വൈലക്യമുള്ളയാളാണ് ഇതെന്നാണ് വിവരം. വാടകയ്ക്ക് എടുത്ത കാറിലാണ് ഇയാൾ അജിത് ഡോവലിന്റെ വീടിന് മുന്നിൽ എത്തിയത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അജിത് ഡോവലിന് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവിയും രാജ്യത്തെ ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഉദ്യോഗസ്ഥരിൽ ഒരാളുമാണ് ഡോവൽ. പ്രതിയെ ചോദ്യം ചെയ്യുന്ന ഏജൻസികളിൽ ഐബിയും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു.