ഭോപ്പാൽ: മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ചു. കോളേജിൽ ഹിജാബ് ധരിച്ച രണ്ട് വിദ്യാർത്ഥികളെ കണ്ടതിനെ തുടർന്ന് വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗ വാഹിനിയിലെ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ്. അംഗങ്ങൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ ബഹളം സൃഷ്ടിക്കുകയും ഹിജാബ് ധരിച്ച വിദ്യാർത്ഥികളുടെ പ്രവേശനം തടയാൻ നടപടിയെടുക്കുകയും ചെയ്തു.
മധ്യപ്രദേശിൽ ഹിജാബിനെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്ന് ദാതിയയിൽ നിന്നുള്ള നിയമസഭാംഗമായ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. സംഭവത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും കോളേജിന്റെ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച, സത്നയിലെ കോളേജിൽ ഹിജാബ് ധരിച്ചതിന് ഒരു മുസ്ലീം വിദ്യാർത്ഥിനിയെക്കൊണ്ട് ക്ഷമാപണ കത്ത് എഴുതിച്ചിരുന്നു.
ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ കർണാടകയിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് നിരോധനം. കേസിൽ തീർപ്പുകൽപ്പിക്കുന്നത് വരെ ക്ലാസ് മുറികളിൽ മതപരമായ വസ്ത്രം ധരിക്കുന്നത് വിലക്കിക്കൊണ്ട് കർണാടക ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കർണാടകയിലുടനീളമുള്ള ഹൈസ്കൂളുകൾ തിങ്കളാഴ്ച തുറന്നെങ്കിലും സംസ്ഥാനത്തെ സംഘർഷങ്ങൾക്കിടയിൽ മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് നീക്കം ചെയ്യാൻ നിർബന്ധിതരായി.