യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജ് 16 കോടിയുടെ മദ്യം കടത്തിയെന്ന് കണ്ടെത്തല്‍. ഒരേ പാസ്പോര്‍ട്ട് ഉപയോഗിച്ച് പല തവണ മദ്യം കടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ 13000 യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളാണ് ചോര്ത്തിയിട്ടുളളത്.
കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് മുന്‍ സൂപ്രണ്ടായ ലൂക്ക് കെ.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ വ്യാജപേരില്‍ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് കേസ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിച്ചത്. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക്. പ്ളസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സി.ഇ.ഒ സുന്ദരവാസന്, ജീവനക്കാരായ മദന്‍, കിരണ്‍ ഡേവിഡ് എന്നിവരാണ് മറ്റു പ്രതികള്‍.
തിരുവനന്തപുരം വിമാനത്താവളത്തിലെ സൂപ്രണ്ടായിരുന്നു ലൂക്ക് കെ. ജോര്‍ജ് 13,000 ത്തോളം പേരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ പ്ളസ് മാക്സിന് കൈമാറി ആറു കോടി രൂപ വിലമതിക്കുന്ന വിദേശമദ്യം പുറത്തുകടത്തി.
ഇതിന് പ്രതിഫലമായി ലൂക്ക് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിരുന്നു. കുട്ടികളായ യാത്രക്കാരുടെ പാസ്പോര്‍ട്ടിന്റെ പേരിലും മദ്യം കടത്തി. കേസില്‍ അന്വേഷണ ആരംഭിച്ചതിന് പിന്നാലെ ലുക്ക് കെ.ജോര്‍ജ് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്നു. അതിന് ശേഷമാണ് ഇയാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായത്. അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യം നേടിയിരുന്നു. ഈ കാലയളവിലും ലുക്ക് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നില്ല.