തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം മുള്ളാറംകോട് സ്വദേശി മോഹനനാണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാള്‍ മരിച്ചത്. എലിപ്പനി ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.
എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘമെത്തി പരിശോധന നടത്തും. നേരത്തെ ജില്ലയില്‍ ചെള്ളുപനി മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത വരുന്നത്.
ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.