സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെതിരെ ആഞ്ഞടിച്ചു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ ഇടനിലക്കാർക്കൊപ്പം നിന്ന് സർക്കാരിനെതിരെ പ്രവർത്തിച്ചെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട ചുമതലയിൽ ഇരിക്കാൻ അജിത് കുമാർ യോഗ്യനല്ലെന്ന് കണ്ടതോടെയാണ് ആളെ മാറ്റിയതെന്നും ഇപി പറഞ്ഞു.
മുഖ്യമന്ത്രിയെ വധിക്കാൻ ആർഎസ്സ്എസ്സും, കോൺഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണെന്നും ഇപി ആരോപിച്ചു. അടിക്കാൻ ആരെങ്കിലും വന്നാൽ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കലാപാഹ്വാനം നടത്തിയെന്നതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഇന്നലെ പാലക്കാട് പൊലീസ് കൂടുതൽ കേസ് റജിസ്റ്റർ ചെയ്തു. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷ് പറയുന്നത്.
സ്വർണ്ണക്കടത്ത് വിവാദത്തിലെ സമരം അസാധാരണമായ നേർക്കുനേർ തെരുവ് യുദ്ധമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. വിമാനത്തിലെ പ്രതിഷേധത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ന്യായീകരിച്ചതിലൂടെ സംഭവം പ്രതിഷേധത്തിന്‍റെ പേരിൽ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങി. കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിലുള്ള കയ്യാങ്കളി തുടരുകയാണ്.