Home News ‘കഴിഞ്ഞ എസ്.എസ്.എല്‍.സി ഫലം ദേശീയ തലത്തില്‍ വലിയ തമാശ’; വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി

‘കഴിഞ്ഞ എസ്.എസ്.എല്‍.സി ഫലം ദേശീയ തലത്തില്‍ വലിയ തമാശ’; വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി

153
0

കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ‘കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ എസ്.എസ്.എല്‍.സി ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് എപ്ലസ് കിട്ടിയിരുന്നത്. ഇത്തവണത്തെ ഫലം നിലവാരമുള്ളതാണ്’ ചടങ്ങില്‍ മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു.സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ വേദിയില്‍ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം.

എസ്എസ്എല്‍സി ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരോട് വീണ്ടും പരിശ്രമിക്കണമെന്ന് നിര്‍ദേശിച്ച് മന്ത്രി വി ശിവന്‍കുട്ടി . പരീക്ഷകളും മൂല്യനിര്‍ണയവും പഠന പ്രക്രിയയുടെ ഭാഗമാണ്. അത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണ്. ഉപരിപഠനത്തിന് അര്‍ഹത നേടാത്തവര്‍ ഇനിയും ശ്രമിക്കണം. പരിശ്രമശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.

99.26 ആണ് ഇത്തവണ എസ്എസ്എല്‍സിയിലെ വിജയ ശതമാനം. 4,23,303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ശതമാനമാണ് കണ്ണൂരിലെ വിജയം. കുറവ് വയനാട്ടും.

ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 3,024 വിദ്യാര്‍ഥികള്‍ക്ക് മലപ്പുറത്ത് ഫുള്‍ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്.പാലായാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല. ഗള്‍ഫ് സെന്ററുകളില്‍ 571 പേര്‍ പരീക്ഷയെഴുതിയതില്‍ 561 പേരും ജയിച്ചു. നാല് ഗള്‍ഫ് സെന്ററുകളില്‍ 100 ശതമാനമാണ് വിജയം.

Previous articleബ്രൂവറി കേസ്; കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടി, ഫയല്‍ പരിശോധിച്ചാല്‍ അഴിമതിക്ക് കൂട്ടു നിന്നവരെ കണ്ടെത്താന്‍ കഴിയും; രമേശ് ചെന്നിത്തല
Next articleവിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട് ഉടനെത്തും; അടുത്ത ദിവസം റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്യുമെന്ന് സംവിധായകന്‍