മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ. കൈരളി ടി വി സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് പി സി ജോര്‍ജ് അപമാര്യാദയായി പെരുമാറിയ സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണമെന്നും ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ശനിയാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സാമാന്യമര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കവെ അറസ്റ്റിന് അടിസ്ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പി.സി ജോര്‍ജ് ആവര്‍ത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദാപരമായ പെരുമാറ്റം പി.സി ജോര്‍ജില്‍ നിന്ന് ഉണ്ടായത്.
പി.സി ജോര്‍ജിനെപ്പോലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണിത്. മുമ്പും പല തവണ ഇത്തരം പെരുമാറ്റങ്ങള്‍ പി സി ജോര്‍ജ് ആവര്‍ത്തിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്യമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണം. ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.