ഇടുക്കി: കെഎസ്ഇബി ചെയര്മാന് ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും എം.എം.മണി പറഞ്ഞു.
നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണന് കുട്ടി ചെയര്‍മാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് ചെയര്മാന് അശോകന് അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിച്ചു.
താന്‍ മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി. വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തി. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. നാലര വര്‍ഷമാണ് താന്‍ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവര്‍ണകാലമായിരുന്നുവെന്നും മണി പറഞ്ഞു.
തന്റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവര്‍ഷമാണ് ഞാന്‍ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവര്‍ണ കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.