കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരുക്ക്. താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
പരിക്ക് ഗുരുതരമല്ലാത്തവരെ താമരശ്ശേരിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര് കുടുങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായി നിലംപൊത്തുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.
പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ജെസിബി ഉപയോഗിച്ച് തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ്.