കോഴിക്കോട് വടകര ചെണ്ടത്തൂരില്‍ ബോംബ് സ്ഫോടനം നടന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്ഫോടക വസ്തു നിര്‍മ്മിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറല്‍ എസ് പി ശ്രീനിവാസ് വ്യക്തമാക്കി. പഞ്ചായത്ത് മെമ്പര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.
സ്ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തില്‍ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ കൈപ്പത്തി തകര്‍ന്നു. സംഭവസ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിരുന്നു. സ്ഫോടനത്തില്‍ പരുക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.
പരുക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹരി പ്രസാദിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ.ആശുപത്രിയില്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.