വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവില്‍ അട്ടിമറി നടന്നതായി ആരോപണം. ഇരയുടെ അമ്മയുടെ സംരക്ഷണച്ചുമതലയിലായിരുന്ന കുഞ്ഞിനെ പ്രതി റോബിന് വടക്കുംചേരിയുടെ കുടുംബം വീട്ടില്‍കൊണ്ടുപോയി താമസിപ്പിച്ചിരുന്നുവെന്നും പിന്നീട് പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് കുഞ്ഞിനെ കോട്ടയത്തെ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് മാറ്റുകയും ചെയ്തുവെന്നുമുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഇരയുടെ അമ്മയ്ക്കാണ് കോടതി കുഞ്ഞിന്റെ സംരക്ഷണച്ചുമതല നല്‍കിയിരുന്നത്. എന്നാല്‍ കുഞ്ഞിനെ പ്രതിയുടെ കുടുംബം കൊണ്ടുപോയതിനെതിരെ ഇരയുടെ അമ്മ പരാതി ഉന്നയിച്ചതോടെ വിഷയം പരിശോധിക്കാന്‍ സി.ഡബ്ലിയു.സി സിറ്റിംഗ് കണ്ണൂര്‍ തലശേരിയില്‍ നടക്കുകയാണ്. ഡിസംബറില്‍ കുഞ്ഞിനെ പ്രതിയുടെ വീട്ടുകാര്‍ എടുത്തുകൊണ്ട് പോയെന്നും പിന്നീട് തിരിച്ച് തരുന്നില്ലെന്നും വ്യക്തമാക്കി ഇരയുടെ മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്താവുന്നത്.
ശിശുക്ഷേമ സമിതിയില്‍ പ്രതിക്ക് അനുകൂലമായി അട്ടിമറി നീക്കം നടന്നതായും ആരോപണമുണ്ട്.
2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊട്ടിയൂര്‍ പള്ളിയില്‍ വികാരിയായിരുന്ന റോബിന് വടക്കുംചേരി പള്ളിമേടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഗര്‍ഭിണിയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ 2016 ഡിസംബറിലാണ് പ്രസവിച്ചത്. പ്രതിയെ തലശേരി പോക്സോ കോടതി ശിക്ഷിക്കുകയും ഹൈക്കോടതി അത് ശരി വയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ശിക്ഷ അനുഭവിച്ച് വരുകയാണ്.
കുഞ്ഞിന്റെ സംരക്ഷണച്ചുമതല ഇരയുടെ മാതാവിനാണ് കോടതി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരയുടെ അമ്മയുടെ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് കുഞ്ഞിന്റെ സംരക്ഷണ ഉത്തരവ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാണ്. സംഭവം വിവാദമായതോടെ കുഞ്ഞിനെ പ്രതിയുടെ ബന്ധുക്കള്‍ ഇരയുടെ അമ്മയ്ക്ക് വീണ്ടും കൈമാറുകയായിരുന്നു. ഈ പ്രശ്്നത്തിന് മേലാണ് ഇന്ന് വീണ്ടും സിറ്റിംഗ് നടക്കുന്നത്