സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഏഴ് തസ്തികകളിലുള്ള 33 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ടവരില്‍ മുപ്പതു പേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. പിരിച്ചുവിടലില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജീവനക്കാര്‍. പ്രതിഷേധമറിയിച്ച് ജീവനക്കാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ്, എ.എന്‍.എം, ലാബ് അസിസ്റ്റന്റ്, ഒ.പി. അസിസ്റ്റന്റ്, ഫിസിഷ്യന്‍ അസിസ്റ്റന്റ്, ബൈസ്റ്റാന്റര്‍, കൗണ്‍സിലര്‍ എന്നീ തസ്തികകളുടെ സേവനമാണ് നിര്‍ത്തലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയാതായതോടെയാണ് പിരിച്ചുവിടലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. ഇതോടെ മുപ്പത്തിമൂന്ന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം നല്കാന് കഴിയാതെ വരുന്നതാണ് പ്രതിസന്ധിയെന്ന് സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദു റഹ്മാന് യു.ടി. പറഞ്ഞു. യോഗ്യതയില്ലാത്ത പല ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരിലുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്തും ആശുപത്രി അധികൃതരും നടത്തിയ അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെട്ട് വര്‍ഷങ്ങളായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന തങ്ങളുടെ യോഗ്യത പെട്ടെന്നൊരു ദിവസം അസാധുവാകുന്നത് എങ്ങനെയാണെന്നാണ് പിരിച്ചു വിട്ട ജീവനക്കാര്‍ ചോദിക്കുന്നത്.