താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന കത്തയച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട് കേസില്‍പ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി സ്വീകരിക്കാത്ത് എന്തുകൊണ്ടാണെന്ന് കത്തില്‍ ചോദിക്കുന്നു.
ഇടവേള ബാബുവിന് അമ്മ ജനറല്‍ സെക്രട്ടറയിയായി തുടരാന്‍ യോഗ്യതയുണ്ടോ? എന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെടുന്നു.
അപകടത്തില്‍ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’ അപലപിക്കുമോ എന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു.
അമ്മയുടെ നേതൃത്വം ചിലര്‍ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എന്‍ട്രി എന്ന നിലയില്‍ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ഈ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പുലര്‍ത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തില്‍ ആവശ്യപ്പെട്ടു.
‘അമ്മ’യുടെ അംഗത്വഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഭാവിയില്‍ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വര്‍ധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.