Home News കാർഗിൽ വിജയ് ദിവസ്: ഇന്ത്യയുടെ യുദ്ധ വിജയത്തിന് 23 വയസ്; രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കാർഗിൽ വിജയ് ദിവസ്: ഇന്ത്യയുടെ യുദ്ധ വിജയത്തിന് 23 വയസ്; രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

118
0

കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വയസ്സ് തികയുന്നു. രാഷ്ട്രത്തിനായി ജീവന്‍ ബലികഴിച്ച ധീരരക്തസാക്ഷികള്‍ക്ക് നന്ദിയോടെ ആദരവ് അർപ്പിക്കുകയാണ് രാജ്യം.

1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ തീ പാറും യുദ്ധം ആരംഭിച്ചത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണ്ണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. ഓപ്പറേഷന്‍ ബാദര്‍ എന്ന സൈനികനീക്കത്തിലൂടെ പാകിസ്താന്‍ കൈവശപ്പെടുത്തിയത് കിലോമീറ്ററുകള്‍.

ഇന്ത്യ സൈനികനീക്കം അറിയുന്നത് ആട്ടിടയന്‍മാരിലൂടെയായിരുന്നു. പക്ഷേ നിജസ്ഥിതി അറിയാന്‍ അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ മടങ്ങി എത്തിയില്ല. 16,000 മുതൽ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച ശത്രുസൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. നുഴഞ്ഞു കയറിയ പാക് സൈന്യത്തെ നേരിടാന്‍ ആദ്യമിറങ്ങിയത് കരസേന. പിന്നാലെ ഓപ്പറേഷന്‍ തല്‍വാറുമായി നാവിക സേനയെത്തി.

പാക് തുറമുഖങ്ങള്‍ നാവിക സേന ഉപരോധിച്ചു. ശ്രീനഗര്‍ വിമാനത്താവളം ലക്ഷ്യമിട്ട് മലമുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ സഫേദ് സാഗര്‍. ദിവസങ്ങള്‍ നീണ്ട പോരാട്ടം. ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതു വരെ അത് നീണ്ടു നിന്നു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താൻ തോറ്റ് പിൻമാറുകയായിരുന്നു. ജൂലൈ 14ന് കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു.

ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ആ ഓർമ്മ പുതുക്കുന്നു. കാര്‍ഗില്‍ വിജയ ദിനത്തില്‍ ആ ധീര രക്തസാക്ഷികളെ അഭിമാനത്തോടെ അനുസ്മരിക്കുകയാണ് രാജ്യം.

Previous articleഎംപിമാരുടെ സസ്‌പെന്‍ഷന്‍; പാര്‍ലമെന്റിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്
Next articleജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് മുതൽ; ഇനിയും 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി