കണ്ണൂര്‍ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര് സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുണ്‍ ആണെന്നാണ് കണ്ടെത്തല്‍. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂടന. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചാകും.
കഴിഞ്ഞ ദിവസം മൂന്ന് പേര് അറസ്റ്റിലായിരുന്നു. ഏച്ചൂര്‍ സ്വദേശികളായ മിഥുന്, ഗോകുല്‍, കടമ്പൂര് സ്വദേശി സനല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോംബിനൊപ്പം വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രതികള്‍ വിവാഹ സ്ഥലത്ത് എത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ എസ്പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ബോംബ് നിര്‍മ്മിച്ചത് താനാണെന്ന് നേരത്തെ പിടിയിലായ മിഥുന് സമ്മതിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ മിഥുന് കുറ്റം സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ്, ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്നും മിഥുന് മൊഴി നല്കി. ഇന്നലെയാണ് കേസിലെ പ്രധാനപ്രതിയായ മിഥുന് എടക്കാട് സ്റ്റേഷനില്‍ കീഴടങ്ങിയത്.
സ്ഫോടക വസ്തുക്കള്‍ വാങ്ങിയത് കണ്ണൂരിലെ പടക്ക കച്ചവടക്കാരനില്‍ നിന്നാണ്. തോട്ടടയില്‍ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുന്‍കൂട്ടി തീരുമാനിച്ചാണെന്നാണ് പൊലീസ് പറയുന്നത്. ബോംബ് ആക്രമണം സംഘര്‍ഷമായാല്‍ തിരിച്ചടിക്കാന്‍ വടിവാളും ഇവര്‍ കയ്യില്‍ കരുതി. ഏച്ചൂരില്‍ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. സനാദും സംഘവും എത്തിയത് വടിവാളുമായിട്ടാണെന്നും പൊലീസ് പറയുന്നു.
ഏച്ചൂര്‍ സ്വദേശി ഗോകുല്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്നു. കേസില്‍ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്.