പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍. പി സി ജോര്‍ജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് കാനം പറഞ്ഞു. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് പി സി ജോര്‍ജ്. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ജോര്‍ജ് ആരോപിച്ചു.
ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്. ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തനിക്കെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.