മയക്കുമരുന്ന് മാഫിയയും ക്വട്ടേഷന്‍ സംഘങ്ങളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും കൊലപാതകങ്ങളും ക്വട്ടേഷന്‍ സംഘങ്ങളേയും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഹരിപ്പാട്ടെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്നും സുരേന്ദ്രന് ആരോപിച്ചു. ഹരിപ്പാട്ട് ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ച പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിലെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
ഹരിപ്പാട്ടെ കൊലപാതകത്തിന് പിന്നിലുള്ള ഏഴ് പ്രതികളും സി.പി.ഐ.എം പ്രവര്‍ത്തകരാണ്. കഞ്ചാവ് വില്പന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാഫിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും സുരേന്ദ്രന് പറഞ്ഞു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് കുത്തേറ്റ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. തൃക്കുന്നപ്പുഴ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ലഹരി സംഘവുമായാണ് തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ശരത് ചന്ദ്രന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.