സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങള്‍ക്ക് ഇടയില്‍ വിജിലന്‍സ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി. ആരോപണ വിധേയനായ ഒരാള്‍ക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ര്‍റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്ത് വിവാദം ശക്തമായി നില്‍ക്കെയാണ് വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി.
ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയ്ക്കും സരിത്തിനും സംരക്ഷണം കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ട്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.