സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നല്‍കാന്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയില്‍ കനമുള്ളത് കൊണ്ടാണോ. സ്വര്‍ണ്ണക്കടത്ത്, കറന്‍സികടത്ത് തുടങ്ങിയവയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് കാണാതായ സംഭവുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്.
മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്ന് ശിവശങ്കര്‍ മൊഴിയില്‍ പറയുന്നുണ്ട്. സ്വപ്ന ആരോപിക്കുന്നത് ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നുമാണ്. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.