ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു. ആക്രമണത്തില്‍ അഞ്ചു വയസുകാരി ഉള്‍പ്പെടെ പത്ത് പേര് മരിക്കുകയും 75ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍, ഫലസ്തീന് ചെറുത്തുനില്പ് പ്രസ്ഥാനമായ ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡിന്റെ കമാന്‍ഡര്‍ തൈസിര്‍ അല്‍ ജബ്രിയും കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു.
ഇസ്രായേല്‍ പ്രദേശങ്ങളിലേക്ക് ഫലസ്തീന് പോരാളികള്‍ നിരവധി റോക്കറ്റുകള്‍ അയച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടു. ഈജിപ്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥനീക്കവും ഊര്‍ജിതമാണ്.
ഗസ്സയിലെ ഏക വൈദ്യുതി നിലയത്തിനുള്ള ഇന്ധനം വരുന്ന പാതയടക്കം ദിവസങ്ങള്‍ക്കുമുമ്പ് ഇസ്രയേല്‍ അടച്ചിരുന്നു. ശത്രു തങ്ങളുടെ ജനത്തിനുനേരെ ആക്രമണം തുടങ്ങിയിരിക്കുകയാണെന്നും ചെറുത്തുനില്പ് തങ്ങളുടെ ബാധ്യതയാണെന്നും ഇസ്ലാമിക് ജിഹാദ് വൃത്തങ്ങള്‍ വെള്ളിയാഴ്ച പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കാനുള്ള സംവിധാനം പോലും ആശുപത്രിയില്‍ അപര്യാപ്തമാണെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.