Home News അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; മാര്‍ഗനിര്‍ദ്ദേശവുമായി ഡിജിപി

അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; മാര്‍ഗനിര്‍ദ്ദേശവുമായി ഡിജിപി

164
0

തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി അനില്‍കാന്ത് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
മരണം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണം. 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വൈകിട്ട് ആറിന് ശോഷം ഇന്ക്വസ്റ്റ് നടപടികളില്ല.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും രാത്രികാലത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

രാത്രികാലത്ത് ഫലപ്രദമായി ഇന്‍ക്വസ്റ്റ് നടത്താന്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. അസ്വാഭാവികമരണങ്ങളില്‍ നാല് മണിക്കൂറിനകം തന്നെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി നീക്കം ചെയ്യണം. എന്നാല്‍ പ്രത്യേകസാഹചര്യങ്ങളില്‍ ഏറെ സമയമെടുത്ത് ഇന്‍ക്വസ്റ്റ് ആവശ്യമായി വരുന്നപക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇന്‍ക്വസ്റ്റ് നടത്തുന്നതിലും മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുന്നതിലും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാന്‍ പാടില്ല.

ഇന്‍ക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയില്‍ എത്തിക്കുന്നതിനുളള സംവിധാനം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നത് ജില്ലാ പൊലീസ് മേധാവിമാര്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

Previous articleഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; ബിജെപി അധ്യക്ഷനെതിരെ കേസ്
Next articleകടുവകള്‍ റോഡിലെത്താം; ബത്തേരിയിലേക്കുള്ള യാത്ര ഭീതിയോടെയെന്ന് നാട്ടുകാര്‍