ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് തോൽവികൾക്ക് ശേഷം പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങും. മുന്‍നിര താരങ്ങളില്ലാതെ പരമ്പരക്കിറങ്ങിയ ഇന്ത്യ തിരിച്ചടി നേരിടുകയാണ്. രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ ഇനി ഒരോ കളിയും ഇന്ത്യക്ക് ജീവന്മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. വൈകീട്ട് ഏഴിന് വിശാഖപട്ടണത്താണ് മൂന്നാം മത്സരം നടക്കുന്നത്.
തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പുതിയ നായകന്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയാണ്. ആദ്യ കളിയിൽ ഇരുന്നൂറു റൺസിലധികം നേടിയിട്ടും പരാജയം ഏറ്റു വാങ്ങേണ്ടി വന്നത് ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പില്‍ മാറ്റത്തിന് സാധ്യതയില്ല. റുതുരാജ് ഗെയ്ഗ്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും. ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നിരയ്ക്ക് വെല്ലുവിളിയുയര്‍ത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. ബൗളിംഗിലേക്ക് രവി ബിഷ്‌ണോയ് എത്തുമോയെന്നാണ് ഇനിയറിയേണ്ടത്. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ ബൗളിങ്ങിൽ ഫോമിലാണ്.
പരിക്ക് ഭേദമായാല്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിരിച്ചെത്തും. വിശാഖപട്ടണത്തെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80% മത്സരങ്ങളിലും ജയിച്ചത്. അതിനാല്‍ ടോസ് നേടുന്ന ടീം ഇന്നും ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.