ദേശിയ രാഷ്ട്രീയം ആകാംഷയോടെ ഉറ്റു നോക്കുന്ന നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇ.ഡി. ഓഫീസിലെത്തി. മുതിർന്ന നേതാക്കളോടൊപ്പമാണ് രാഹുൽ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ഇതിനിടയിൽ ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും രൺദീപ് സുർജേവാലയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാലിയയും പൊലീസ് കാസ്റ്റഡിയിലാണ്.
നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം ദിനമാണ് രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നത്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.