ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി അന്‍പത് ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോള്‍. 2383.53 ആണ് നിലവിലെ അപ്പര്‍ റൂള്‍ കര്‍വ്. ഡാം തുറന്നാലും പെരിയാര്‍ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ഇന്ന് രാവിലെ 10.00 മണിക്കാണ് ഡാം തുറന്നത്. 9.55 ന് ആദ്യ സയറണ്‍ മുഴങ്ങി. മൂന്ന് സയറണ്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.20 അടിയാണ്.
റൂള്‍ കര്‍വ് പരിധി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. 50000 ലിറ്റര്‍ വെള്ളം സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതലായി 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാന്‍ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളില്‍ അനൗണ്‍സ്മെന്റും നടത്തി.