തൃപ്പൂണിത്തുറ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി സിഐ കെ.ജി അനീഷ്. പരാതിയില്‍ പോലീസ് യാതൊരു കാലതാമസവും വരുത്തിയിട്ടില്ലെന്ന് സിഐ പറഞ്ഞു. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും സി ഐ് പറഞ്ഞു.
നേരിട്ടെത്തി പരാതി നല്‍കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേസെടുക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും സിഐ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മര്‍ദനമേറ്റ ഷിജി രംഗത്തെത്തിയിരുന്നു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ഷിജി പറഞ്ഞിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പോയ മകനോട് പൊലീസ് മോശമായി പെരുമാറിയെന്നും ആശുപത്രിയിലുള്ള താന്‍ നേരിട്ട് വന്ന് പരാതി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഷിജി പറഞ്ഞത്.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറിയ സതീശന് എന്നയാളാണ് ജീവനക്കാരിലൊരാളെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഭാര്യയെ അന്വേഷിച്ചാണ് സതീശന് ഷോപ്പിലെത്തിയത്. സതീശന്റെ ഭാര്യ ഏകദേശം രണ്ട് മാസം മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ തിരക്ക് കാരണം അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ലാന് ഫോണിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി നല്ല തിരക്കിലാണെന്നും പിന്നെ വിളിക്കണമെന്നും പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു.
പ്രകോപിതനായ പ്രതി ഭാര്യയെ തേടി മൂന്ന് മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുകയും ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഇതിന് ശേഷം ഒരു ജീവനക്കാരിയെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരന്നു. ഷിജി എന്ന യുവതിക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരുടെ കൈയ്ക്ക് ഒടിവുണ്ട്. ഷിജി ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി അതിക്രമം കാട്ടിയതിന് ശേഷം പ്രതി ഇതുവരെയും വീട്ടിലെത്തിയിട്ടില്ല. തൃപ്പൂണിത്തറയ്ക്ക് അടുത്തുള്ള എരൂരിലാണ് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചിരിക്കുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.