സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്താൻ ശ്രമിക്കുകയാണെന്ന് എച്ച് ആർ ഡി എസ്. സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. കാർ അടക്കം വിട്ടു നൽകി സഹായിക്കുന്നത് സ്വപ്ന എച്ച് ആർ ഡി എസ് ജീവനക്കാരി ആയതിനാലാണ്. സംഘപരിവാർ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണെന്നും അവരെ മാറ്റി നിർത്തേണ്ടതില്ലെന്നും അജി പറഞ്ഞു. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണ്. എച്ച് ആർ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാൻ പ്രവർത്തിക്കുകയാണെന്നും എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആർ ഡി എസിലുണ്ട് എന്നും അജി കൃഷ്ണൻ പറഞ്ഞു.
അതേസമയം, മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയ കേസിൽ പി സി ജോർജ്ജു൦ പ്രതിയാണ്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവും ഇവർ ഉന്നയിക്കും. നേരത്തെ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.