Home News രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസ്; വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസ്; വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും

303
0

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസില്‍ വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും. ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്. 2008 ജൂലായ് 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. കേസില്‍ 78 പേര്‍ വിചാരണ നേരിട്ടതില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

49 പ്രതികളില്‍, നേരിട്ട് പങ്കുള്ള 38 പേര്‍ക്ക് തൂക്കുകയറും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്. നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.

കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യു.എ.പി.എ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.

Previous articleപ്രതിഷേധ സമരത്തില്‍ പങ്കെടുത്തതില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു
Next articleആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ്: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു.