സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴിയിലെ വിവരങ്ങള്‍ പരസ്യമാക്കിയതിന്‍റെ പേരില്‍ മാനസിക പീഡന൦ നേരിടുകയാണെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ. തുടർന്ന് കേസിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. പ്രഥമ വിവര റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശം നല്‍കി. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കന്‍റോണ്‍മെന്‍റ് പോലീസ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നുമുള്ള സ്വപ്ന സുരേഷിന്‍റെ ഹര്‍ജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ വിശദ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി. കെ ടി ജലീലിന്‍റെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നും ഇലക്ട്രോണിക് തെളിവുകൾ അടക്കം പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു. എന്നാൽ കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നാലോ അഞ്ചോ മണിക്കൂർ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചിലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു.