സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ശക്തമായ മഴയില്‍ വയനാട്ടില്‍ മണ്ണിടിച്ചിലുണ്ടായി. കുറിച്യര്‍ മലയിലാണ് അപകടം ഉണ്ടായത്. ജനവാസമില്ലാത്ത മേഖലയിലാണ് അപകടമെന്നതിനാല്‍ ആളാപയമില്ല. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
അതിനിടെ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്. കണ്ണൂര്‍ ജില്ലയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് വയോധികന്‍ മരിച്ചു. പട്ടാന്നൂര്‍ നാലുപെരിയയിലെ കാവുതീയന്‍ ചാലില്‍ കുഞ്ഞമ്പു (80) ആണ് മരിച്ചത്. കാറ്റില്‍ മരം വീണ് നിലം പതിച്ച വൈദ്യുതി ലൈനില്‍ ചവിട്ടിയാണ് അപകടം
ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ മഴയും കാറ്റും മൂടല്‍ മഞ്ഞും ഉള്ളതിനാല്‍ വാഹനയാത്രയില്‍ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത.