മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപം കനത്ത മണ്ണിടിച്ചില്‍ . ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചില്‍. സൈനികര്‍ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്.
13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ജവാന്മാര്‍ അടക്കം 20 ഓളം പേരെ കാണാതായി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.
107 പേരെയാണ് ഈ സ്ഥലത്ത് സൈന്യം വിന്യസിച്ചിരുന്നത്. കാണാതായവരില്‍ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് തുടങ്ങിയവയെല്ലാം നേതൃത്വം നല്‍കി വരുന്നു. രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡിക്കല്‍ യൂണിറ്റിലെത്തിച്ച് ചികില്‍സ നല്‍കുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്.
ഹെലികോപ്ടര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.