Home News പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം: നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന്...

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം: നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

107
0

ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ ഹർജി പരിഗണിക്കുക.

പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റങ്ങളുടെ ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി നൽകുകയായിരുന്നു.

മൊബൈൽ മോഷണം ആരോപിച്ച് പോലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചിലവുകൾക്കായി 25,000 രൂപയും നൽകാനായിരുന്നു ഹൈക്കോടതി നിർദേശം. ഇത് പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് ഈടാക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം.

2021 ഓഗസ്റ്റ് 27നാണ് സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി.

എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 50 ലക്ഷം രൂപയാണ് പെണ്‍കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. കോടതിച്ചെലവായി 25000 രൂപ കെട്ടിവെയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Previous articleമങ്കിപോക്‌സ്; രാജ്യത്ത് ഇത് വരെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു, അതീവ ജാഗ്രത തുടരുന്നു
Next articleഏകീകൃത കുര്‍ബാന വിഷയത്തിൽ അന്ത്യശാസനവുമായി വത്തിക്കാൻ; ബിഷപ്പ് ആന്റണി കരിയലിനോട് ‘രാജിവയ്ക്കാന്‍’ നിർദേശിച്ചു