Home News കോൺഗ്രസിന് വീണ്ടും തകർച്ച; ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്

കോൺഗ്രസിന് വീണ്ടും തകർച്ച; ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്

61
0

ഒടുവിൽ ഹാർദിക് പട്ടേലും ബിജെപിയിലേക്ക്. കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ജൂൺ രണ്ടിന് ഹാർദിക് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ടപ്പോൾ താൻ ബിജെപിയിൽ ചേരില്ലെന്ന് ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനു വിപരീതമാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു.

സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു.

രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാർദിക് പട്ടേൽ ഗുജറാത്ത് ജനതയ്ക്കായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായത്തില്‍ കാര്യമായ സ്വാധീനമുള്ള നരേഷ് പട്ടേലിനെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നരേഷ് പട്ടേലിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കത്തിൽ ഹാർദ്ദിക് പട്ടേൽ അതൃപ്തനായിരുന്നു.

കോൺ​ഗ്രസിനോടുള്ള അതൃപ്തി പരസ്യപ്പെടുത്തിയ ഹാർദിക് ട്വിറ്ററിൽ നിന്ന് നേരത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് എന്ന വിവരം ഒഴിവാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയിൽ ഹാർദിക് എത്തിയിരുന്നു.

ഹൈക്കമാന്‍റുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും എന്നാൽ സംസ്ഥാനനേതൃത്വം തന്നെ എപ്പോഴും അവഗണിക്കുകയാണെന്നുമായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആരോപണം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നതെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റാക്കിയ സച്ചിന്‍ പൈലറ്റ് കഷ്ടപ്പെട്ട് ജോലി ചെയ്തു. എന്നാല്‍ അവസരം വന്നപ്പോള്‍ സച്ചിന്‍ ഒഴിവാക്കപ്പെട്ടുവെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തുന്നു.

‘ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു’ ഹാർദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.

Previous articleവ്യാജ വീഡിയോ; പോളിംഗ് ദിനത്തില്‍ സിപിഐഎം മെനഞ്ഞ കള്ളക്കഥ, യുഡിഎഫിന് യാതൊരു ബന്ധമില്ല: വി ഡി സതീശന്‍
Next articleഎസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്; പ്ലസ് ടു റിസൾട്ട് 20ന് പ്രസിദ്ധീകരിക്കും