Home News ഹാർദിക് പാട്ടേൽ ഇന്ന് ബിജെപിയിൽ ചേരും; ഗുജറാത്ത് ബിജെപി പ്രവർത്തകർക്കിടയിൽ അമർഷം

ഹാർദിക് പാട്ടേൽ ഇന്ന് ബിജെപിയിൽ ചേരും; ഗുജറാത്ത് ബിജെപി പ്രവർത്തകർക്കിടയിൽ അമർഷം

191
0

കോൺഗ്രസ് വിട്ട ഹാർദിക് പാട്ടേൽ ഇന്ന് ബിജെപിയിൽ ചേരും. ഗുജറാത്ത് ബിജെപി അധ്യക്ഷനായ സി ആർ പാട്ടേലിന്‍റെ സാന്നിധ്യത്തിൽ അഹമ്മദാബാദിൽ വച്ച് അംഗത്വം സ്വീകരിക്കും എന്നാണ് വിവരം. അതേസമയം ഹാർദിക്കിന്‍റെ വരവിൽ ഗുജറാത്തിലെ ബിജെപി പ്രവർത്തകർക്കിടയിൽ അമർഷം ഉടലെടുക്കുന്നുണ്ട്. പട്ടേൽ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ഒരു വിഭാഗം ബിജെപി പ്രവർത്തകർ ചോദ്യം ചെയ്യുകയാണ്.

അതേസമയം ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിക്കുന്നത് നേട്ടമാകും എന്നാണ് ബിജെപി വിലയിരുത്തൽ. നേരത്തെ ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്‍റായിരുന്ന ഹാർദിക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് നേതൃത്വവുമായി ഇടഞ്ഞതും പാർട്ടി വിട്ടതും.

ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ടപ്പോൾ താൻ ബിജെപിയിൽ ചേരില്ലെന്ന് ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനു വിപരീതമാണ് ഇപ്പോൾ സംഭവിച്ചത്. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു.

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായത്തില്‍ കാര്യമായ സ്വാധീനമുള്ള നരേഷ് പട്ടേലിനെ കോണ്‍ഗ്രസില്‍ എത്തിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ നരേഷ് പട്ടേലിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കത്തിൽ ഹാർദ്ദിക് പട്ടേൽ അതൃപ്തനായിരുന്നു. തന്‍റെ അവസരം നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലാണ് ഹാർദിക് പട്ടേലിന്‍റെ എതിര്‍പ്പിന് കാരണം. ഹൈക്കമാന്‍റുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും എന്നാൽ സംസ്ഥാനനേതൃത്വം തന്നെ എപ്പോഴും അവഗണിക്കുകയാണെന്നുമായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആരോപണം.

Previous articleജമ്മു കശ്മീരിൽ വാഹനത്തിൽ സ്‌ഫോടനം: മൂന്ന് സൈനികർക്ക് പരിക്കേറ്റു
Next articleനാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല