സൂറത്തിലെ ആംആദ്മി പാർട്ടി നേതാവ് കുന്ദൻ കോതിയ ബിജെപിയിൽ ചേർന്നു. ഇന്നലെയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ജനറൽ സെക്രട്ടറി പ്രദീപ് വഗേലയുടെ നേതൃത്വത്തിൽ ഗാന്ധിനഗറിൽ വെച്ചാണ് കുന്ദൻ കോതിയ പാർട്ടി അംഗത്വം സ്വീകരിച്ചത്. 2021ൽ നടന്ന വാർഡ് തെരഞ്ഞെടുപ്പിലാണ് എഎപിയുടെ കൗൺസിലറായത്. മറ്റ് എഎപി കൗൺസിലർമാരിൽ നിന്ന് തനിക്ക് കടുത്ത പീഡനവും അപമാനവും നേരിടേണ്ടി വന്നതായി അദ്ദേഹം വ്യക്തമാക്കി.
ആംആദ്മിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തെറ്റാണെന്നും പ്രതിബദ്ധതയുള്ള പ്രവർത്തകയായിരുന്നു താനെന്നും കോതിയ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ വാർഡ് 4 സൂറത്തിൽ നിന്നുള്ള എഎപി നേതാക്കൾ ബിജെപിയിലേക്ക് മാറുന്ന ആറാമത്തെ സംഭവമാണിത്. നേരത്തെ എഎപിയുടെ വിപുൽ മൊവാലിയ, ഭാവ്ന സോളങ്കി ജ്യോതിക ലാത്തിയ, റുത കകാഡിയ, മനീഷ കുകാഡിയ എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേക്ക് എഎപിയുടെ 27 സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഒരു എഎപി വനിതാ കോർപ്പറേറ്റർ കൂടി പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, സൂറത്തിൽ നിന്ന് ഇനി ആരും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്ന് പുറത്തുപോകില്ലെന്ന് നിലവിലെ 21 അംഗങ്ങളോട് എഎപി പരസ്യ സ്ഥിരീകരണം തേടി.