കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ഇന്ന് തീരുമാനമെടുക്കും. സർക്കാർ മുന്നോട്ട് വെച്ച പട്ടിക ഗവർണർ അംഗീകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നേരത്തെ സർക്കാർ നൽകിയ പട്ടിക ഗവർണർ തിരികെ അയച്ചിരുന്നു. 33 പേരെ മാത്രം തെരെഞ്ഞെടുത്തതിന്റെ കാരണം തേടിയാണ് ഗവർണ്ണർ ഫയൽ തിരികെ അയച്ചിരുന്നത്.
തുടർന്ന് 33 പേരെ തെരെഞ്ഞെടുത്തതിൽ സർക്കാർ വിശദീകരണം നൽകി. വിദഗ്ദ സമിതി വിശദമായി പരിശോധിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്. 64 തടവുകാരിൽ നിന്നും 33 പേരെ മോചിപ്പിക്കാൻ തീരുമാനം വിദഗ്ദ സമിതിയുടെ നിർദേശ പ്രകാരം കൈക്കൊള്ളുകയായിരുന്നുവെന്നും സർക്കാർ ഗവർണർക്ക് വിശദീകരണം നൽകി. ഇരുപത് വർഷം തടവ് പിന്നിട്ടവരെയും പ്രായമായവരേയും രോഗികളെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മണിച്ചനുള്‍പ്പെടെയുള്ള തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും അനുസരിച്ചാണ് തീരുമാനം എടുത്തതെന്ന് സർക്കാർ ഗവർണറെ അറിയിച്ചു.