സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെയുളള സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള സമര൦ പ്രതിപക്ഷ സംഘടനകൾ തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയത്. ഈ സുരക്ഷാക്രമീകരണങ്ങൾ പൊതുജനങ്ങളെ വലച്ചു കൊണ്ടുള്ളതാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. .
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്ക്കുകൾ പൊലീസ് നൽകുന്നുണ്ട്. സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങൾ എടുക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചു. മാസ്ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.