മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാട്. എല്ലാ അപേക്ഷകളും ഡിജിറ്റലാക്കും. സ്വയം സര്‍ട്ടിഫൈ ചെയ്ത് വ്യക്തികള്‍ക്ക് അപേക്ഷകള്‍ നല്‍കാമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയെയും ഗവര്‍ണര്‍ പ്രശംസിച്ചു. 100 ദിന പരിപാടികളിലൂടെ നേരിട്ടും നേരിട്ടല്ലാതെയും തൊഴില്‍ നല്‍കാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ല്‍ സമ്പൂര്‍ണ ഇ-ഗവേണന്‍സ് നടപ്പിലാക്കും. കോവിഡ് പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടു. കോവിഡ് മൂലമുള്ള മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ മികച്ചു നിന്നു.കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനായി എന്നും ഗവര്‍ണര്‍ പറഞ്ഞു.