പാകിസ്താന്റെ അധിനിവേശ പ്രദേശങ്ങളായ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ നിവാസികൾ മേഖലയിൽ രത്നങ്ങൾ ഖനനം ചെയ്യുന്നതിനായി സ്വകാര്യ കരാറുകാർക്ക് ലൈസൻസ് നൽകിയ പാകിസ്താൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ പാവപ്പെട്ട ജനങ്ങൾ തങ്ങളുടെ പൂർവ്വിക ഭൂമി സൈന്യവുമായി ബന്ധമുള്ള സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതരാവുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഗിൽജിത് ബാൾട്ടിസ്താൻ എന്നിവിടങ്ങളിൽ നിന്നുളള യുവാക്കൾ പ്രതിഷേധവുമായി ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നീ നഗരങ്ങളിൽ അണിചേർന്നു. നാസിർബാദ്, ഹുൻസ, ഗിൽജിത് ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിലെ നിവാസികൾ കരാറുകാരുടെ ലൈസൻസ് റദ്ദാക്കണമെന്നും ഈ അനീതി അനുവദിച്ചതിന് പ്രാദേശിക അധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തെരുവിലിറങ്ങി.
പ്രായഭേദമെന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒരുപോലെയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കരാറുകാരനായ മുഹമ്മദ് ദാദയുടെ ലൈസൻസ് റദ്ദാക്കണമെന്നും പ്രാദേശിക അധികാരികളെ നിയമത്തിന് കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇസ്ലാമാബാദ് പ്രസ് ക്ലബ്ബും പ്രതിഷേധത്തിൽ പങ്കുചേർന്നു.